Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 5 IRVMAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്‍റെ ഒരു സങ്കീർത്തനം.

മാർഗ്ഗനിർദേശത്തിനായുള്ള പ്രാർത്ഥന

1യഹോവേ, എന്‍റെ വാക്കുകൾ കേൾക്കേണമേ;എന്‍റെ ധ്യാനം ശ്രദ്ധിക്കേണമേ;

2എന്‍റെ രാജാവും എന്‍റെ ദൈവവുമേ,എന്‍റെ കരച്ചിലിന്‍റെ ശബ്ദം കേൾക്കേണമേ;അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.

3യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ;രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു.

4അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.

5അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല;നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു.

6വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും;രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;

7ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നുഅങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.

8യഹോവേ, എന്‍റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ;എന്‍റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ.

9അവരുടെ വായിൽ ഒട്ടും നേരില്ല;അവരുടെ അന്തരംഗം നാശകൂപം തന്നെ;അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു;നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.

10ദൈവമേ അവരെ കുറ്റം വിധിക്കേണമേ;അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.

11എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;

12യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും;പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]