Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 9 MAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്കു പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.

2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

3എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു,നിന്റെ സന്നിധിയിൽ നശിച്ചു പോകും.

4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു;നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;

5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു;അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു;അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു;അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.

7എന്നാൽ യഹോവ എന്നേക്കും വാഴുന്നു;ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8അവൻ ലോകത്തെ നീതിയോടെ വിധിക്കും;ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.

9യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം;കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.

10നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും;യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

11സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ;അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.

12രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു;എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.

13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ;മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ,എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.

14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചുനിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.

15ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.

16യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളുംപാതാളത്തിലേക്കു തിരിയും.

18ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല;സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.

19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

20യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നുഅവർക്കു ഭയം വരുത്തേണമേ. സേലാ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]