Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 9 MAL-IRV

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ദൈവത്തിന്‍റെ ശക്തിയും നീതിയും

1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.

2ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും;അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.

3എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും.

4അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി,നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;

5അവിടുന്ന് ജനതകളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു;അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.

7എന്നാൽ യഹോവ എന്നേക്കും വാഴുന്നു;ന്യായവിധിക്കായി അങ്ങയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും;ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.

9യഹോവ പീഡിതന് ഒരു അഭയസ്ഥാനം;കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.

10തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും;യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.

11സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ;അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ.

12രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു;എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.

13യഹോവേ, എന്നോട് കരുണയുണ്ടാകേണമേ;മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ.

14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച്അങ്ങയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.

15ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.

16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയുംപാതാളത്തിലേക്കു തിരിയും.

18ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.

19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;ജനതകൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

20യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനുഅവർക്കു ഭയം വരുത്തേണമേ. സേലാ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]