Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 21 IRVMAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

വിജയം നല്‌കിയതിനുള്ള കൃതജ്ഞത

1യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു;അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.

2അവന്‍റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി;അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

3സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്,തങ്കക്കിരീടം അവന്‍റെ തലയിൽ വയ്ക്കുന്നു.

4അവൻ അങ്ങേയോട് ജീവൻ ചോദിച്ചു;അവിടുന്ന് അവനു കൊടുത്തു;എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.

5അങ്ങേയുടെ സഹായത്താൽ അവന്‍റെ മഹത്വം വർദ്ധിച്ചു;ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു.

6അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.

7രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.

8അങ്ങേയുടെ കൈ അങ്ങേയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും;അങ്ങേയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും.

9അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും;യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;തീ അവരെ ദഹിപ്പിക്കും.

10അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നുംഅവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

11അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു;അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.

12അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

13യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കേണമേ;ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]