Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 22 IRVMAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻപേട എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ഭക്തന്‍റെ വേദനയും പ്രത്യാശയും

1എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്?എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?

2എന്‍റെ ദൈവമേ, ഞാൻ പകൽ സമയത്ത് നിലവിളിക്കുന്നു; എങ്കിലും അവിടുന്ന് ഉത്തരമരുളുന്നില്ല;രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.

3യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ,അവിടുന്ന് പരിശുദ്ധനാകുന്നുവല്ലോ.

4ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു.

5അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;അങ്ങയെ അവർ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.

6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.

7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;അവർ അധരം മലർത്തി തലകുലുക്കി പറയുന്നു:

8“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്കുക! അവിടുന്ന് നിന്നെ രക്ഷിക്കട്ടെ!അവിടുന്ന് നിന്നെ വിടുവിക്കട്ടെ! അവിടുത്തേക്ക് നിന്നിൽ പ്രസാദമുണ്ടല്ലോ.”

9അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;എന്‍റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി.

10ജനിച്ച ഉടൻ തന്നെ ഞാൻ അങ്ങയിൽ ഏല്പിക്കപ്പെട്ടു;എന്‍റെ അമ്മയുടെ ഉദരംമുതൽ അവിടുന്ന് എന്‍റെ ദൈവം.

11കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.

12അനേകം കാളകൾ എന്നെ വളഞ്ഞു;ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെഅവർ എന്‍റെ നേരെ വായ് പിളർക്കുന്നു.

14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;എന്‍റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.

15എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;എന്‍റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു.അങ്ങ് എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു.

17എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;അവർ എന്നെ തുറിച്ച് നോക്കുന്നു.

18എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു,എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

19അവിടുന്ന് അകന്നിരിക്കരുതേ;എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

20വാളിൽനിന്ന് എന്‍റെ പ്രാണനെയുംനായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.

21സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ;കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു.

22ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും;സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും.

23യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ;യാക്കോബിന്‍റെ സകലസന്തതികളുമേ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ;യിസ്രായേലിന്‍റെ സർവ്വസന്തതികളുമേ, കർത്താവിനെ ഭയപ്പെടുവിൻ.

24അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല;തന്‍റെ മുഖം അവന് മറച്ചതുമില്ല;തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.

25മഹാസഭയിൽ എന്‍റെ പ്രശംസ അങ്ങയെക്കുറിച്ചാകുന്നു.കർത്താവിന്‍റെ ഭക്തന്മാരുടെ കൺമുമ്പിൽ ഞാൻ എന്‍റെ നേർച്ചകൾ കഴിക്കും.

26എളിയവർ ഭക്ഷിച്ച് തൃപ്തരാകും;യഹോവയെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും.അവരുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.

27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;സകലവംശങ്ങളും അവന്‍റെ മുൻപാകെ നമസ്കരിക്കും.

28രാജത്വം യഹോവയ്ക്കുള്ളതല്ലയോ;അവിടുന്ന് ജനതയെ ഭരിക്കുന്നു.

29ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും;തന്‍റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെപൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും.

30വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും;വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.

31അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട്,“കർത്താവ് ഇത് നിവർത്തിച്ചിരിക്കുന്നു” എന്നു അവിടുത്തെ നീതിയെ വർണ്ണിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]