Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Numbers 17 MAL-IRV

Side by side with the Father's Heart Bible™

അഹരോന്‍റെ തളിർത്ത വടി

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“യിസ്രായേൽ മക്കളോട് സംസാരിച്ച്, ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തനിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്‍റെ വടിയിൽ അവനവന്‍റെ പേരെഴുതുക. 3ലേവിയുടെ വടിയിൽ അഹരോന്‍റെ പേരെഴുതണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കേണം. 4സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്ക് വെളിപ്പെടുന്ന സ്ഥാനമായ നിയമപെട്ടകത്തിനു മുമ്പാകെ അവ വയ്ക്കേണം. 5ഞാൻ തിരഞ്ഞെടുക്കുന്നവൻ്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽ മക്കൾ നിങ്ങൾക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ നിർത്തലാക്കും.”

6മോശെ യിസ്രായേൽ മക്കളോട് സംസാരിച്ചു; അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോരുത്തനും ഓരോ വടിവീതം പന്ത്രണ്ടു വടി അവന്‍റെ പക്കൽ കൊടുത്തു; വടികളുടെ കൂട്ടത്തിൽ അഹരോന്‍റെ വടിയും ഉണ്ടായിരുന്നു. 7മോശെ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽവച്ചു. 8പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിർത്തിരിക്കുന്നത് കണ്ടു; അത് തളിർത്ത് പൂത്ത് ബദാം ഫലം കായിച്ചിരുന്നു. 9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് യിസ്രായേൽ മക്കളുടെ അടുക്കൽ പുറത്ത് കൊണ്ടുവന്നു; അവർ ഓരോരുത്തൻ അവനവന്‍റെ വടി നോക്കിയെടുത്തു.

10യഹോവ മോശെയോട്: “അഹരോന്‍റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിൻ്റെ മുമ്പിൽ തിരികെ കൊണ്ടുവരുക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പ് നീ ഇങ്ങനെ നിർത്തലാക്കും” എന്നു കല്പിച്ചു. 11മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു.

12അപ്പോൾ യിസ്രായേൽ മക്കൾ മോശെയോട്: “ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു. 13യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ സകലരും ചത്തൊടുങ്ങേണമോ?” എന്നു പറഞ്ഞു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]