Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 13 IRVMAL

Side by side with the Father's Heart Bible™

1ജ്ഞാനമുള്ള മകൻ അപ്പന്‍റെ പ്രബോധനം കൈക്കൊള്ളുന്നു;പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

2തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.

3അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.

4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.

5നീതിമാൻ വ്യാജം വെറുക്കുന്നു;ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.

6നീതി സന്മാർഗ്ഗിയെ കാക്കുന്നു;ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.

7ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്;വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്;

8മനുഷ്യന്‍റെ ജീവന് മറുവില അവന്‍റെ സമ്പത്ത് തന്നെ;ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.

9നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു;ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

10അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു;ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;

11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും;അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.

12ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.

13വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി;കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.

14ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവാകുന്നു;അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും.

15സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു;ദ്രോഹിയുടെ വഴിയോ ദുർഘടം.

16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;ഭോഷനോ തന്‍റെ ഭോഷത്തം തെളിവായി കാണിക്കുന്നു.

17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.

18പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും;ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.

19ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു;ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.

20ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും;ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.

21ദോഷം പാപികളെ പിന്തുടരുന്നു;നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.

22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു;പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

23സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.

24വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു;അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

25നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]