Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 27 malirv

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?

2എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾഎന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.

3ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലുംഎന്റെ ഹൃദയം ഭയപ്പെടുകയില്ല;എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

4ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു;യഹോവയുടെ സൗന്ദര്യം കാണുവാനും അവന്റെ മന്ദിരത്തിൽ ധ്യാനിക്കുവാനുംഎന്റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.

5അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും;പാറമേൽ എന്നെ ഉയർത്തും.

6ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്റെ തല ഉയർന്നിരിക്കും;ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങൾ അർപ്പിക്കും;ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.

7യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ;എന്നോട് കൃപചെയ്ത് എനിക്ക് ഉത്തരമരുളണമേ.

8“എന്റെ മുഖം അന്വേഷിക്കുക” എന്ന് നിന്നിൽനിന്ന് കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു;യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.

9നിന്റെ മുഖം എനിക്ക് മറയ്ക്കരുതേ;അടിയനെ കോപത്തോടെ തള്ളിക്കളയരുതേ;നീ എനിക്ക് തുണയായിരിക്കുന്നു;എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.

10എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലുംയഹോവ എന്നെ ചേർത്തുകൊള്ളും.

11യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമേ;എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ.

12എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ;ക്രൂരത നിശ്വസിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.

13ഞാൻ ജീവനുള്ളവരുടെ ദേശത്ത്യഹോവയുടെ നന്മ കാണും എന്ന് വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!

14യഹോവയിൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക;നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ;അതേ, യഹോവയിൽ പ്രത്യാശവയ്ക്കുക.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]