Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 27 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ദൈവത്തിലുള്ള ആശ്രയം

1യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും?

2എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്ടത പ്രവർത്തിക്കുന്നവർഎന്‍റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.

3ഒരു സൈന്യം എന്‍റെ നേരെ പാളയമിറങ്ങിയാലുംഎന്‍റെ ഹൃദയം ഭയപ്പെടുകയില്ല;എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

4ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു;യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനുംഎന്‍റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.

5അനർത്ഥദിവസത്തിൽ കർത്താവ് തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;തിരുനിവാസത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും;പാറമേൽ എന്നെ ഉയർത്തും.

6ഇപ്പോൾ എന്‍റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്‍റെ തല ഉയർന്നിരിക്കും;കർത്താവിന്‍റെ കൂടാരത്തിൽ ഞാൻ ജയഘോഷയാഗങ്ങൾ അർപ്പിക്കും;ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.

7യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കേണമേ;എന്നോട് കൃപ ചെയ്തു എനിക്ക് ഉത്തരമരുളേണമേ.

8“എന്‍റെ മുഖം അന്വേഷിക്കുക” എന്നു അങ്ങയിൽനിന്ന് കല്പന വന്നു എന്നു എന്‍റെ ഹൃദയം പറയുന്നു;യഹോവേ, ഞാൻ തിരുമുഖം അന്വേഷിക്കുന്നു.

9തിരുമുഖം എനിക്ക് മറയ്ക്കരുതേ;അടിയനെ കോപത്തോടെ തള്ളിക്കളയരുതേ;അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു;എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.

10എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലുംകർത്താവ് എന്നെ ചേർത്തുകൊള്ളും.

11യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ;എന്‍റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.

12എന്‍റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ;ക്രൂരത പ്രവർത്തിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.

13ഞാൻ ജീവനുള്ളവരുടെ ദേശത്ത്യഹോവയുടെ നന്മ കാണും എന്നു വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!

14യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക;നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ;അതേ, യഹോവയിൽ പ്രത്യാശവക്കുക.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]