Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 10 malirv

Side by side with the Father's Heart Bible™

1യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്?കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്?

2ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു;അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.

3ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.

4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല;‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

5അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;നിന്റെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു;തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.

6“ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല”എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

7അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

8അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു;മറവിടങ്ങളിൽവെച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു;അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വച്ചിരിക്കുന്നു.

9സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ;എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു;എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.

10അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.

11“ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു;അവൻ ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.

12യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ;എളിയവരെ മറക്കരുതേ.

13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “നീ കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?

14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;അഗതി സ്വയം നിങ്കൽ ഏല്പിക്കുന്നു;അനാഥന് നീ സഹായി ആകുന്നു.

15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കണമേ;ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.

16യഹോവ എന്നെന്നേക്കും രാജാവാകുന്നു;ജനതതികൾ അവന്റെ ദേശത്തുനിന്ന് നശിച്ചു പോയിരിക്കുന്നു.

17ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻനീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്

18യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കുകയും നിന്റെ ചെവി ചായിച്ചു കേൾക്കുകയും ചെയ്യുന്നു.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]