Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 14 MAL

Side by side with the Father's Heart Bible™

1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു;ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

2നേരായി നടക്കുന്നവൻ യഹോവാഭക്തൻ;നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

3ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു;ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

4കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു;കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.

5വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല;കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.

6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

7മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.

9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു;നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.

10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

11ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും;നീതിമാന്റെ കൂടാരമോ തഴെക്കും.

12ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും;അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

13ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം;സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.

14ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും;നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.

15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു;ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.

17മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു;ദുരുപായി ദ്വേഷിക്കപ്പെടും.

18അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു;സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലുംദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.

20ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു;ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.

21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.

22ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

24ജ്ഞാനികളുടെ ധനം അവർക്കു കിരീടം;മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ.

25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

26യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

28പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം;പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

29ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.

30ശാന്തമനസ്സു ദേഹത്തിന്നു ജീവൻ;അസൂയയോ അസ്തികൾക്കു ദ്രവത്വം.

31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

32ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

34നീതി ജാതിയെ ഉയർത്തുന്നു;പാപമോ വംശങ്ങൾക്കു അപമാനം.

35ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]