Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 15 MAL

Side by side with the Father's Heart Bible™

1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

2ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.

3യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു;ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

4നാവിന്റെ ശാന്തത ജീവവൃക്ഷം;അതിന്റെ വക്രതയോ മനോവ്യസനം.

5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.

6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു;ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.

7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

8ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു;നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം.

9ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു;എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.

10സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും;ശാസന വെറുക്കുന്നവൻ മരിക്കും.

11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.

15അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം;സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.

16ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾയഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.

17ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾസ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.

18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.

20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;മൂഢനോ അമ്മയെ നിന്ദിക്കുന്നു.

21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം;വിവേകിയോ ചൊവ്വായി നടക്കുന്നു.

22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു;ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും;തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു;കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

25അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും;വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.

26ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു;ദയാവാക്കോ നിർമ്മലം.

27ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു;കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.

28നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു;ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.

29യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു;നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

31ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;മാനത്തിന്നു വിനയം മുന്നോടിയാകുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]