Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Proverbs 15 malirv

Side by side with the Father's Heart Bible™

1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.

3യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്;ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

4നാവിന്റെ ശാന്തത ജീവവൃക്ഷം;അതിന്റെ വക്രതയോ മനോവ്യസനം.

5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.

6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.

7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.

8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.

9ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്;എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.

10സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും;ശാസന വെറുക്കുന്നവൻ മരിക്കും.

11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽമനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.

14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു.

15പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം;സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.

16ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾയഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.

17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾസ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.

18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.

19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;മൂഢനോ അമ്മയെ നിന്ദിക്കുന്നു.

21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം;വിവേകിയോ ചൊവ്വായി നടക്കുന്നു.

22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു;ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.

23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും;തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!

24ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു;കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.

26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്;ദയാവാക്കോ നിർമ്മലം.

27ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു;കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.

28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.

29യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

31ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.

33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;മാനത്തിന് വിനയം മുന്നോടിയാകുന്നു.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]