Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 3 IRVMAL

Side by side with the Father's Heart Bible™

ഇയ്യോബ് സംസാരിക്കുന്നു

1അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്‍റെ ജന്മദിവസത്തെ ശപിച്ചു. 2ഇയ്യോബ് ഇപ്രകാരം പറഞ്ഞു:

3“ഞാൻ ജനിച്ച ദിവസവും’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

4ആ ദിവസം ഇരുണ്ടുപോകട്ടെ;മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ;പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.

5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ;പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;അത് വർഷത്തിന്‍റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്;മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.

7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;ഉല്ലാസഘോഷം അതിലുണ്ടാകരുത്.

8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർആ ദിവസത്തെ ശപിക്കട്ടെ.

9അതിന്‍റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ;അത് വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ;അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്.

10അത് എന്‍റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ;എന്‍റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.

11ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്?ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?

12മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്?എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?

13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

14തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിതഭൂരാജാക്കന്മാരോടും മന്ത്രിമാരോടും

15അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾവെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നെ.

16അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ട പിണ്ഡംപോലെയുംവെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.

17അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.

18അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു;പീഡകന്‍റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.

19ചെറിയവനും വലിയവനും അവിടെ ഒരുപോലെ;ദാസനു യജമാനന്‍റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.

20അരിഷ്ടനു പ്രകാശവുംദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്?

21അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും;നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.

22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.

23വഴി മറഞ്ഞിരിക്കുന്ന പുരുഷനുംദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?

24ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു;എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

25ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു;ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.

26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;പിന്നെയും അതിവേദന എടുക്കുന്നു.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]