Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 12 MAL

Side by side with the Father's Heart Bible™

1പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.

2ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു;ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.

3ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല;നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

4സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം;നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

5നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം,ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.

6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു;നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

7ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും;നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.

8മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു;വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.

10നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു;ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.

11നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.

12ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു;നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

13അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു;നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.

14തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും;തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.

15ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

16ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.

17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.

18വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു;ജ്ഞാനികളുടെ നാവോ സുഖപ്രദം.

19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു;സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.

21നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല;ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.

22വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.

23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

24ഉത്സാഹികളുടെ കൈ അധികാരം നടത്തും;മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.

25മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു;ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

26നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു;ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.

28നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു;അതിന്റെ പാതയിൽ മരണം ഇല്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]