Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 5 MAL

Side by side with the Father's Heart Bible™

1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ?നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

2നീരസം ഭോഷനെ കൊല്ലുന്നു;ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.

3മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടുക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു.

4അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;അവർ രക്ഷകനില്ലാതെ വാതില്ക്കൽവെച്ചു തകർന്നുപോകുന്നു.

5അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും.

6അനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല;കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;

7തീപ്പൊരി ഉയരെ പറക്കുംപോലെമനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.

8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;

9അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളുംഅസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

10അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു;വയലുകളിലേക്കു വെള്ളം വിടുന്നു.

11അവൻ താണവരെ ഉയർത്തുന്നു;ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

12അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.

13അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

14പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു;ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

15അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നുംബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.

16അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു;നീതികെട്ടവനോ വായ്പൊത്തുന്നു.

17ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.

18അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു;അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

19ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും;ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

20ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നുംയുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.

21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.

22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.

23വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും;കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും.

24നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും;നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.

25നിന്റെ സന്താനം അസംഖ്യമെന്നുംനിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

26തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെനീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

27ഞങ്ങൾ അതു ആരാഞ്ഞുനോക്കി,അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]