Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 20 MAL

Side by side with the Father's Heart Bible™

1അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.

3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു.

4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽപുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?

5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.

6അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലുംഅവന്റെ തല മേഘങ്ങളോളം എത്തിയാലും

7അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും;അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.

8അവൻ സ്വപ്നംപോലെ പറന്നുപോകും.അവനെ പിന്നെ കാണുകയില്ല;അവൻ രാത്രിദർശനംപോലെ പാറിപ്പോകും.

9അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല;അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല.

10അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും;അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.

11അവന്റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു;അവ അവനോടുകൂടെ പൊടിയിൽ കിടക്കും.

12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലുംഅവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും

13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും

14അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചുഅവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.

15അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും;ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.

16അവൻ സർപ്പവിഷം നുകരും;അണലിയുടെ നാവു അവനെ കൊല്ലും.

17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയുംനദികളെയും അവൻ കണ്ടു രസിക്കയില്ല.

18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.

19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു;താൻ പണിയാത്ത വീടു അപഹരിച്ചു.

20അവന്റെ കൊതിക്കു പതംവരായ്കയാൽഅവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.

21അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല;അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.

22അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും;അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.

23അവൻ വയറു നിറെക്കുമ്പോൾ തന്നേദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും;അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.

24അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും;താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും.

25അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു;മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു;ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.

26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;ആരും ഊതാത്ത തീക്കു അവൻ ഇരയാകും;അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;

27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തുംഭൂമി അവനോടു എതിർത്തുനില്ക്കും.

28അവന്റെ വീട്ടിലെ വരവു പോയ്പോകും;അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും.

29ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയുംദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]