Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Amos 1 MAL-IRV

Side by side with the Father's Heart Bible™

1തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.

2അവൻ പറഞ്ഞത്:“യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും;യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും.അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും;കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.”

സിറിയ

3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും;അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.

5ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്,ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയുംഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും;അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും”എന്ന് യഹോവ അരുളിച്ചെയ്യുന്നു.

ഫെലിസ്ത്യ

6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

7ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും;അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.

8ഞാൻ അസ്തോദിൽനിന്ന് നിവാസിയെയുംഅസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയുംഛേദിച്ചുകളയും;എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും;ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും”എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

സോർ

9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവർ സഹോദരസഖ്യത ഓർക്കാതെബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

10ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും;അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.”

എദോം

11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്,തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധംഅനുകമ്പ വിട്ടുകളയുകയുംക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

12ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും;അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.”

അമ്മോൻ

13യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന്ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ,ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

14ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും;അത് യുദ്ധദിവസത്തിലെ ആർപ്പോടുംചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടിഅതിലെ അരമനകളെ ദഹിപ്പിച്ചുകളയും.

15അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും;അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ”എന്ന് യഹോവ അരുളിച്ചെയ്യുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]