Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 4 IRVMAL

Side by side with the Father's Heart Bible™

ജ്ഞാനത്തിന്‍റെ നേട്ടങ്ങൾ

1മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടുവിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.

2ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;എന്‍റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.

3ഞാൻ എന്‍റെ അപ്പന് മകനുംഎന്‍റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;

4അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:“എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;എന്‍റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.

5ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;എന്‍റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.

6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും;

7ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.

8അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും.

9അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും;അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക;എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

11ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

12നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല;ഓടുമ്പോൾ നീ ഇടറുകയുമില്ല.

13പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ.

14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്;

15അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;അത് വിട്ടുമാറി കടന്നുപോകുക.

16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.

17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു.

18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ;അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.

19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല.

20മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക;എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക.

21അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

22അവയെ കിട്ടുന്നവർക്ക് അവ ജീവനുംഅവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.

23സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക;ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.

24വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.

25നിന്‍റെ കണ്ണ് നേരെ നോക്കട്ടെ;നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.

26നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക;നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]