Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 27 IRVMAL

Side by side with the Father's Heart Bible™

യിസ്രായേലിന്‍റെ വിമോചനം

1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.

2അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.

3“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും;നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും;ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനുഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.

4ക്രോധം എനിക്കില്ല;യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളുംഎനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു;ഞാൻ അവയുടെ നേരെ ചെന്നുഅവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

5അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച്എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ;അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ.”

6വരുംകാലത്ത് യാക്കോബ് വേരൂന്നുകയുംയിസ്രായേൽ തളിർത്തുപൂക്കുകയുംഅങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗംഫലപൂർണ്ണമാവുകയും ചെയ്യും.

7യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോയഹോവ യിസ്രായേലിനെ അടിച്ചത്?യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോഅവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്?

8ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയുംപ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.

9ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും;അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു;അവൻ ബലിപീഠത്തിന്‍റെ കല്ല് എല്ലാംഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾഅശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളുംഇനി നിവിർന്നുനില്‍ക്കുകയില്ല.

10ഉറപ്പുള്ള പട്ടണം ഏകാന്തവുംമരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും;അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന്അവിടെയുള്ള തളിരുകൾ തിന്നുകളയും.

11അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും;സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും;അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ;അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല;അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.

12ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. 13അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]