Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 7 malirv

Side by side with the Father's Heart Bible™

ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.

1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കൈയിൽ നിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ.

2അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ;വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.

3എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ,എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,

4എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,-കാരണം കൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ-

5ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.

6യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ;എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ;എനിക്കു വേണ്ടി നീ കല്പിച്ച ന്യായവിധിക്കായി ഉണരണമേ;

7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;നീ അവർക്കു മേൽ വാഴുന്നവനായി ഉയരത്തിലേക്കു മടങ്ങണമേ.

8യഹോവ ജാതികളെ ന്യായംവിധിക്കുന്നു;യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ;

9ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ നീ ഉറപ്പിക്കണമേ.നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.

10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്;അവൻ ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.

11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.

12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന് മൂർച്ചകൂട്ടും;അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.

13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്ത്,തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.

14ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു;അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.

15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.

16അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും;അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നെ പതിക്കും.

17ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]