Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Proverbs 29 MAL

Side by side with the Father's Heart Bible™

1കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻനീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.

3ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു;വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

4രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻഅവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

6ദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു;നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

7നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.

8പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു;ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.

9ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടുഅവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

10രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു;നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

11മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു;ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

12അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽഅവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

13ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു;ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.

14അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്നരാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

15വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു;തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

16ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

17നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും;അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

18വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു;ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

19ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ;അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

20വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ?അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

21ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടുഅവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.

22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.

23മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും;മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

24കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു;അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.

25മാനുഷഭയം ഒരു കണി ആകുന്നു;യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

26അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.

27നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു;സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]