വെട്ടുക്കിളികളുടെ ഒരു സൈന്യം
1സീയോനിൽ കാഹളം ഊതുവിൻ;എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ;യഹോവയുടെ ദിവസം വരുന്നു!അത് എത്രയും അടുത്തിരിക്കുന്നു.സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ.
2ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം;മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ.പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെപെരുപ്പവും ബലവും ഉള്ള ഒരു ജനത;അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല;മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല.
3അവരുടെ മുമ്പിൽ തീ കത്തുന്നു;അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു;അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു;അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി;അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപ്പെടുകയില്ല.
4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ;അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു.
5അവർ പർവ്വതശിഖരങ്ങളിൽരഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു;അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയുംപടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ.
6അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു;സകലമുഖങ്ങളും വിളറിപ്പോകുന്നു;
7അവർ വീരന്മാരെപ്പോലെ ഓടുന്നു;യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു;അവർ പാത വിട്ടുമാറാതെഅവനവന്റെ വഴിയിൽ നടക്കുന്നു.
8അവർ തമ്മിൽ തിക്കിതിരക്കാതെഅവനവന്റെ പാതയിൽ നേരെ നടക്കുന്നു;അവർ മുറിവേൽക്കാതെആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു;മതിലിന്മേൽ ഓടുന്നു;വീടുകളിൽ കയറുന്നു;കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു;ആകാശം നടുങ്ങുന്നു;സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു;നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
11യഹോവ തന്റെ സൈന്യത്തിന്റെ മുമ്പിൽമേഘനാദം കേൾപ്പിക്കുന്നു;അവന്റെ പാളയം അത്യന്തം വലുതുംഅവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ;യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു;അത് ആർക്ക് സഹിക്കുവാൻ കഴിയും?
അനുതാപത്തിനായുള്ള ആഹ്വാനം
12“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടുംഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടിഎങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.
13നിങ്ങളുടെ വസ്ത്രങ്ങളെയല്ല,ഹൃദയങ്ങൾ തന്നെ കീറിനിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ;അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ;അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
14നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട്തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?
15സീയോനിൽ കാഹളം ഊതുവിൻ;ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ;സഭായോഗം വിളിക്കുവിൻ!
16ജനത്തെ കൂട്ടിവരുത്തുവിൻ;സഭയെ വിശുദ്ധീകരിക്കുവിൻ;മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ;കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ;മണവാളൻ മണവറയുംമണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
17യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർപൂമുഖത്തിന്റെയും യാഗപീഠത്തിൻ്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്:“യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ;ജനതകൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണംനിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ;‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ.
18അങ്ങനെ യഹോവ തന്റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച്തന്റെ ജനത്തെ ആദരിച്ചു.
19യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്:“ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും;നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും;ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽനിന്ദാവിഷയമാക്കുകയുമില്ല.
20വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന്ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി,അവന്റെ മുൻപടയെ കിഴക്കെ കടലിലുംഅവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും;അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട്അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയുംനാറ്റം പരക്കുകയും ചെയ്യും.”
21ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക;യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
22വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ;മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു;വൃക്ഷം ഫലം കായ്ക്കുന്നു;അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു.
23സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച്നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ!അവന്റെ നീതിനിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു;അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു.
24അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും;ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും.
25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്നഎന്റെ മഹാസൈന്യമായ വെട്ടുക്കിളിയുംവിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞസംവത്സരങ്ങൾക്കു പകരം ഞാൻനിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
26നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി,നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്നനിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും;എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
27ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്;ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ;മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും;എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
യഹോവയുടെ ദിവസം
28അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും;നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും;നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും;നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
29ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെഞാൻ എന്റെ ആത്മാവിനെ പകരും.
30ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും:രക്തവും തീയും പുകത്തൂണുകളും തന്നെ.
31യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ്സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
32എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും;യഹോവ അരുളിച്ചെയ്തതുപോലെസീയോൻ പർവ്വതത്തിലും യെരൂശലേമിലുംഒരു രക്ഷിതഗണം ഉണ്ടാകും.ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.