Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Job 23 MAL-IRV

Side by side with the Father's Heart Bible™

ഇയ്യോബ് ഉത്തരം പറയുന്നു

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2“ഇന്നും എന്‍റെ സങ്കടം കയ്പേറിയതാകുന്നു;ദൈവത്തിന്‍റെ കൈ എന്‍റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.

3ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു;അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.

4ഞാൻ ദൈവത്തിന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു;ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

5ദൈവത്തിന്‍റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു;അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

6അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ?ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.

7അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു;ഞാൻ സദാകാലത്തേക്കും എന്‍റെ ന്യായാധിപന്‍റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.

8ഞാൻ കിഴക്കോട്ടു ചെന്നാൽ അവിടുന്ന് അവിടെ ഇല്ല;പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല.

9വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല;തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.

10“എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു;എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.

11എന്‍റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു;ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.

12ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല;അവിടുത്തെ വായിലെ വചനങ്ങളെ എന്‍റെ ആഹാരത്തേക്കാൾ സൂക്ഷിച്ചിരിക്കുന്നു.

13അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്‍?തിരുവുള്ളത്തിന്‍റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.

14എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു;ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.

15അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു;ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.

16ദൈവം എനിക്കു അധൈര്യം വരുത്തി,സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

17ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല,കൂരിരുട്ട് എന്‍റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]