Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 7 IRVMAL

Side by side with the Father's Heart Bible™

വ്യഭിചാരിണിയായ സ്ത്രീക്കുള്ള മുന്നറിയിപ്പ്

1മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച്എന്‍റെ കല്പനകൾ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.

2നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയുംനിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.

3നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക;ഹൃദയത്തിന്‍റെ പലകയിൽ എഴുതുക.

4ജ്ഞാനത്തോട്: “നീ എന്‍റെ സഹോദരി” എന്നു പറയുക;വിവേകത്തെ സഖി എന്നു വിളിക്കുക.

5അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നുംചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

6ഞാൻ എന്‍റെ വീടിന്‍റെ കിളിവാതില്ക്കൽഅഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ

7ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു;യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.

8അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്,ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,

9അവളുടെ വീടിന്‍റെ കോണിനരികെ വീഥിയിൽകൂടി കടന്ന്,അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.

10പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും,ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.

11അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു;അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല.

12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;ഓരോ കോണിലും അവൾ പതിയിരിക്കുന്നു.

13അവൾ അവനെ പിടിച്ചുചുംബിച്ച്,ലജ്ജകൂടാതെ അവനോട് പറയുന്നത്

14“എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;ഇന്ന് ഞാൻ എന്‍റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.

15അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച്നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

16ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളുംമിസ്രയീമിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.

17മൂറും അകിലും ലവംഗവുംകൊണ്ട്ഞാൻ എന്‍റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

18വരിക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം;കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം.

19പുരുഷൻ വീട്ടിൽ ഇല്ല;ദൂരയാത്ര പോയിരിക്കുന്നു;

20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്;പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു.”

21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച്അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു.

22അറക്കുന്നേടത്തേക്ക് കാളയുംചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,

23പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെകെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയുംകരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.

24ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ;എന്‍റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ.

25നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്;അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്.

26അവൾ വീഴിച്ച ഹതന്മാർ അനേകം പേർ;അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു.

27അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു;അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]