Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Proverbs 30 IRVMAL

Side by side with the Father's Heart Bible™

ആഗൂരിന്‍റെ വചനങ്ങൾ

1യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ;ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്:“ദൈവമേ, ഞാൻ അദ്ധ്വാനിച്ചു,ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.

2ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു;മാനുഷീകബുദ്ധി എനിക്കില്ല;

3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല.

4സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍?കാറ്റിനെ തന്‍റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്‍?വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്‍?ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്‍?അവന്‍റെ പേരെന്ത്?അവന്‍റെ മകന്‍റെ പേരെന്ത്?നിനക്കറിയാമോ?

5ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ.

6അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്;അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്.

7രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു;ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ;

8വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ;ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെനിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.

9ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനുംദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്‍റെ ദൈവത്തിന്‍റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.

10ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്;അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.

11അപ്പനെ ശപിക്കുകയുംഅമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!

12തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരുംഅശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!

13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു -

14എളിയവരെ ഭൂമിയിൽനിന്നുംദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണംമുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ!

15കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്;ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്;‘മതി’ എന്നു പറയാത്തത് നാലുണ്ട്:

16പാതാളവും വന്ധ്യയുടെ ഗർഭപാത്രവുംവെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും‘മതി’ എന്നു പറയാത്ത തീയും തന്നെ.

17അപ്പനെ പരിഹസിക്കുകയുംഅമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെതോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയുംകഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.

18എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്;എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്:

19ആകാശത്ത് കഴുകന്‍റെ വഴിയുംപാറമേൽ സർപ്പത്തിന്‍റെ വഴിയുംസമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയുംകന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ.

20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ:അവൾ തിന്നു വായ് തുടച്ചിട്ട്,‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു.

21മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു;നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ:

22ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവുംഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും

23വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവുംദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.

24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലുംഅത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്:

25ഉറുമ്പ് ബലഹീനജാതി എങ്കിലുംഅത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു.

26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലുംഅത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.

27വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലുംഅതൊക്കെയും അണിയണിയായി പുറപ്പെടുന്നു.

28പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലുംഅവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.

29ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്;ചന്തമായി നടക്കുന്നത് നാലുണ്ട്:

30മൃഗങ്ങളിൽ ശക്തിയേറിയതുംഒന്നിനും വഴിമാറാത്തതുമായ സിംഹവും

31ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനുംസൈന്യസമേതനായ രാജാവും തന്നെ.

32നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽകൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.

33പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും;മൂക്കു ഞെക്കിയാൽ ചോര വരും;കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]