Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 139 malirv

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, നീ എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;

2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു.എന്റെ ചിന്തകൾ നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.

3എന്റെ നടപ്പും കിടപ്പും നീ പരിശോധിക്കുന്നു;എന്റെ വഴികളെല്ലാം നിനക്കു മനസ്സിലായിരിക്കുന്നു.

4യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല.

5നീ എന്റെ മുമ്പും പിമ്പും അടച്ച്നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു.

6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;അത് എനിക്കു ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.

7നിന്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും?തിരുസന്നിധി വിട്ട് ഞാൻ എവിടേക്ക് ഓടും?

8ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്;പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.

9ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്,സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ

10അവിടെയും നിന്റെ കൈ എന്നെ നടത്തും;നിന്റെ വലങ്കൈ എന്നെ പിടിക്കും.

11“ഇരുട്ട് എന്നെ മൂടിക്കളയട്ടെ;വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ

12ഇരുട്ടിൽപോലും നിനക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല;രാത്രി പകൽപോലെ പ്രകാശിക്കും;ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ.

13നീയല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്;എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മനഞ്ഞു.

14ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

15ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയുംഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾഎന്റെ അസ്ഥികൂടം നിനക്ക് മറഞ്ഞിരുന്നില്ല.

16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു;എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾഅവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;

17ദൈവമേ, എന്നെക്കുറിച്ചുള്ള നിന്റെ വിചാരങ്ങൾ എത്ര ഘനമായവ!അവയുടെ ആകെത്തുകയും എത്ര വലിയത്!

18അവ എണ്ണിയാൽ മണലിനെക്കാൾ അധികം;ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.

19ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു;രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.

20അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു;നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.

21യഹോവേ, നിന്നെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?നിന്നോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?

22ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.

23ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ;എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ.

24വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി,ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]