Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 118 malirv

Side by side with the Father's Heart Bible™

1യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ;അവന്റെ ദയ എന്നേക്കുമുള്ളത്.

2അവന്റെ ദയ എന്നേക്കുമുള്ളത്എന്ന് യിസ്രായേൽ പറയട്ടെ.

3അവന്റെ ദയ എന്നേക്കുമുള്ളത്എന്ന് അഹരോൻഗൃഹം പറയട്ടെ.

4അവന്റെ ദയ എന്നേക്കുമുള്ളത്എന്ന് യഹോവാഭക്തർ പറയട്ടെ.

5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

6യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല;മനുഷ്യൻ എന്നോട് എന്തു ചെയ്യും?

7എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്;എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.

8മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾയഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾയഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

10സകലജനതകളും എന്നെ ചുറ്റിവളഞ്ഞു;യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

12അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു;മുൾതീപോലെ അവർ കെട്ടുപോയി;യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;എങ്കിലും യഹോവ എന്നെ സഹായിച്ചു.

14യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;അവൻ എനിക്ക് രക്ഷയായും തീർന്നു.

15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്;യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

17ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.

18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;എങ്കിലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.

19നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ;ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.

20യഹോവയുടെ വാതിൽ ഇതു തന്നെ;നീതിമാന്മാർ അതിൽകൂടി കടക്കും.

21നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽഞാൻ നിനക്കു സ്തോത്രം ചെയ്യും.

22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.

23ഇത് യഹോവയാൽ സംഭവിച്ചുനമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

24ഇത് യഹോവ ഉണ്ടാക്കിയ ദിവസം;ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.

25യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.

26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.

27യഹോവ തന്നെ ദൈവം; അവൻ നമുക്ക് പ്രകാശം തന്നിരിക്കുന്നു;യാഗപീഠത്തിന്റെ കൊമ്പുകളിൽയാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.

28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.

29യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]