Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 118 IRVMAL

Side by side with the Father's Heart Bible™

വിജയഗീതം

1യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ;ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്.

2ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്എന്നു യിസ്രായേൽ പറയട്ടെ.

3ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്എന്നു അഹരോൻഗൃഹം പറയട്ടെ.

4ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്എന്നു യഹോവാഭക്തർ പറയട്ടെ.

5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

6യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല;മനുഷ്യൻ എന്നോട് എന്ത് ചെയ്യും?

7എന്നെ സഹായിക്കുവാനായി യഹോവ എന്‍റെ പക്ഷത്തുണ്ട്;എന്‍റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.

8മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾയഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾയഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

10സകലജനതകളും എന്നെ ചുറ്റിവളഞ്ഞു;യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും.

11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

12അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു;മുൾതീപോലെ അവർ കെട്ടുപോയി;യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;എങ്കിലും യഹോവ എന്നെ സഹായിച്ചു.

14യഹോവ എന്‍റെ ബലവും എന്‍റെ കീർത്തനവും ആകുന്നു;അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.

15ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്;യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

17ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന്യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.

18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.

19നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ;ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.

20യഹോവയുടെ വാതിൽ ഇതുതന്നെ;നീതിമാന്മാർ അതിൽകൂടി കടക്കും.

21അങ്ങ് എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീർന്നിരിക്കുകയാൽഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.

22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്മൂലക്കല്ലായി തീർന്നിരിക്കുന്നു.

23ഇത് യഹോവയാൽ സംഭവിച്ചുനമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

24ഇത് യഹോവ ഉണ്ടാക്കിയ ദിവസം;ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.

25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;യഹോവേ, ഞങ്ങൾക്ക് ജയം നല്കേണമേ.

26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.

27യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു;യാഗപീഠത്തിന്‍റെ കൊമ്പുകളിൽയാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.

28അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും;അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും.

29യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ;ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]