Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Lamentations 1 IRVMAL

Side by side with the Father's Heart Bible™

യെരൂശലേമിന്‍റെ ദുഃഖം

1അയ്യോ, ജനനിബിഡമായിരുന്ന നഗരം ജനരഹിതമായതെങ്ങനെ?ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ?സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾഅടിമയായിപ്പോയതെങ്ങനെ?

2രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു;അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു;അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു.

3കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു;അവൾ ജനതകളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല;അവളെ പിന്തുടരുന്നവരൊക്കെയുംഞെരുക്കത്തിന്‍റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു.

4ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു;അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു;അവളുടെ കന്യകമാർ ഖേദിക്കുന്നു;അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.

5അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽഅവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു;അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽപ്രവാസത്തിലേക്കു പോകേണ്ടിവന്നു.

6സീയോൻപുത്രിയുടെ മഹത്വമൊക്കെയുംഅവളെ വിട്ടുപോയി;അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്തമാനുകളെപ്പോലെ ആയി;പിന്തുടരുന്നവന്‍റെ മുമ്പിൽഅവർ ശക്തിയില്ലാതെ നടക്കുന്നു.

7കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത്യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു;സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനംശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ,ശത്രുക്കൾ അവളെ നോക്കിഅവളുടെ നാശത്തിൽ പരിഹസിച്ചു.

8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു;അവളെ ബഹുമാനിച്ചവരൊക്കെയുംഅവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു;അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു.

9അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു;അവൾ ഭാവികാലം ഓർത്തില്ല;അവൾ അതിശയമാംവണ്ണം വീണുപോയി;അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;“യഹോവേ, ശത്രു വമ്പു പറയുന്നു;എന്‍റെ സങ്കടം നോക്കേണമേ.”

10അവളുടെ സകലമനോഹരവസ്തുക്കളിന്മേലുംശത്രു കൈവെച്ചിരിക്കുന്നു;അങ്ങേയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾഅവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.

11അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു;വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു;“യഹോവേ, നോക്കേണമേഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.”

12“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക്അവിടുന്ന് വരുത്തിയ വ്യസനം പോലെഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!”

13“ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു;അത് കടന്നുപിടിച്ചിരിക്കുന്നു;എന്‍റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു;അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.”

14“എന്‍റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു;അവ എന്‍റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്‍റെ ശക്തി ക്ഷയിപ്പിച്ചു;എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽകർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.”

15“എന്‍റെ നടുവിലെ സകല ബലവാന്മാരെയുംകർത്താവ് നിരസിച്ചുകളഞ്ഞു;എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന്അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി;യെഹൂദാപുത്രിയായ കന്യകയെകർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.”

16“ഇത് നിമിത്തം ഞാൻ കരയുന്നു;എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു;എന്‍റെ പ്രാണനെ തണുപ്പിക്കേണ്ടആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു;ശത്രു പ്രബലനായിരിക്കയാൽഎന്‍റെ മക്കൾ നശിച്ചിരിക്കുന്നു.”

17സീയോൻ സഹായത്തിനായി കൈ നീട്ടുന്നു;അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു;യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.

18“യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു;സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്‍റെ വ്യസനം കാണേണമേ;എന്‍റെ കന്യകമാരും യൗവനക്കാരുംപ്രവാസത്തിലേക്കു പോയിരിക്കുന്നു.”

19“ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു;അവരോ എന്നെ ചതിച്ചു;എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.”

20“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി,എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു;ഞാൻ കഠിനമായി മത്സരിക്കകൊണ്ട്എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു;പുറമേ വാൾ സന്തതിനാശം വരുത്തുന്നു;വീട്ടിലോ മരണം തന്നെ.”

21“ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു;എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല;എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനർത്ഥം കേട്ടു,അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു;അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും;അന്നു അവരും എന്നെപ്പോലെയാകും.”

22“അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ;എന്‍റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ;എന്‍റെ നെടുവീർപ്പ് വളരെയല്ലോ;എന്‍റെ ഹൃദയം തളർന്നിരിക്കുന്നു.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]