Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 22 IRVMAL

Side by side with the Father's Heart Bible™

യെരൂശലേമിനെക്കുറിച്ചുള്ള പ്രവചനം

1ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം:നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനുനിങ്ങൾക്ക് എന്ത് ഭവിച്ചു?

2അയ്യോ, കോലാഹലം നിറഞ്ഞുംആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ!ഉല്ലസിതനഗരമേ! നിന്‍റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല,യുദ്ധത്തിൽ മരിച്ചുപോയവരും അല്ല.

3നിന്‍റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു;അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു;നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടുംഒരുപോലെ ബദ്ധരായിരിക്കുന്നു.

4അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്;ഞാൻ കൈപ്പോടെ കരയട്ടെ;എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലിഎന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.”

5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നുദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവുംപരിഭ്രമവുമുള്ള ഒരു നാൾ വരുന്നു;മതിലുകളെ ഇടിച്ചുകളയുന്നതുംമലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ.

6ഏലാം, കാലാളും കുതിരപ്പടയും ഉള്ളസൈന്യത്തോടുകൂടി ആവനാഴിക എടുക്കുകയുംകീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.

7അങ്ങനെ നിന്‍റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും;കുതിരപ്പട വാതില്ക്കൽ അണിനിരത്തും.

8അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു;അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി.

9ദാവീദിൻ നഗരത്തിന്‍റെ ഇടിവുകൾ അനവധിയെന്നു കണ്ടു;താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,

10യെരൂശലേമിലെ വീടുകൾ എണ്ണി,മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു.

11പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻരണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി;എങ്കിലും അത് വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല,പണ്ടുപണ്ടേ അത് രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.

12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ്കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനുംരട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ

13എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവുംകാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക,വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക;നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.

14സൈന്യങ്ങളുടെ യഹോവ എന്‍റെ കാതിൽ വെളിപ്പെടുത്തിത്തന്നത്:“നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്ക് മോചിക്കപ്പെടുകയില്ല”എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

15സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്; 16നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. 17ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. 18അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്‍റെ യജമാനന്‍റെ ഗൃഹത്തിന്‍റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്‍റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും. 19ഞാൻ നിന്നെ നിന്‍റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്‍റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും.

20ആ നാളിൽ ഞാൻ ഹില്ക്കീയാവിന്‍റെ മകനായ എന്‍റെ ദാസനായ എല്യാക്കീമിനെ വിളിക്കും. 21അവനെ ഞാൻ നിന്‍റെ മേലങ്കി ധരിപ്പിക്കും; നിന്‍റെ കച്ചകൊണ്ട് അവന്‍റെ അര കെട്ടും; നിന്‍റെ അധികാരം ഞാൻ അവന്‍റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. 22ഞാൻ ദാവീദ്ഗൃഹത്തിന്‍റെ താക്കോൽ അവന്‍റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. 23ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്‍റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും. 24അവർ അവന്‍റെമേൽ അവന്‍റെ പിതൃഭവനത്തിന്‍റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.”

25“ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അത് മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]