Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Hosea 7 IRVMAL

Side by side with the Father's Heart Bible™

ദുഷ്ടതയോടുള്ള യിസ്രായേലിന്‍റെ സ്നേഹം

1ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയുംശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു;അവർ വ്യാജം പ്രവർത്തിക്കുന്നു;അകത്ത് കള്ളൻ കടക്കുന്നു;പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.

2എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്അവർ മനസ്സിൽ ചിന്തിക്കുന്നില്ല;ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു;അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു.

3അവർ ദുഷ്ടതകൊണ്ട് രാജാവിനെയുംഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.

4അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു;അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു.മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളംഅപ്പക്കാരൻ തീ ആളികത്തിക്കാതിരിക്കുന്നതുപോലെ.

5നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽപ്രഭുക്കന്മാർ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നു;അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.

6അവർ പതിയിരിക്കുന്ന സമയത്ത്അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു;അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു;രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു.

7അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ച്,തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു;അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു;അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.

8എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു;എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.

9അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലുംഅവൻ അത് അറിയുന്നില്ല;അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നുഎങ്കിലും അവൻ അത് അറിയുന്നില്ല.

10യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു;എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല;ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.

11എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു;അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു.

12അവർ പോകുമ്പോൾ ഞാൻ എന്‍റെ വല അവരുടെ മേൽ വീശും;ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും;അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെഞാൻ അവരെ ശിക്ഷിക്കും.

13അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം;അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം;ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടുംഅവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു.

14അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെകിടക്കയിൽവച്ച് അലമുറയിടുന്നു;അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു;അവർ എന്നോട് മത്സരിക്കുന്നു.

15ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും,അവർ എന്‍റെ നേരെ ദോഷം നിരൂപിക്കുന്നു.

16അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും;അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു;അവരുടെ പ്രഭുക്കന്മാർ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും;അത് മിസ്രയീം ദേശത്ത്അവർക്ക് പരിഹാസഹേതുവായിത്തീരും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]