Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Leviticus 3 malirv

Side by side with the Father's Heart Bible™

1“‘ഒരുവന്റെ വഴിപാടു സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 2തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 3അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും 4അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. 5അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

6“‘യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കണം. 7ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 8തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 9അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും 10വൃക്ക രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. 11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതു യഹോവയ്ക്കു ദഹനയാഗഭോജനം.

12“‘അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 13അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 14അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും വൃക്ക രണ്ടും 15അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കണം. 16പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു. 17മേദസ്സും രക്തവും തിന്നരുത് എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.’ ”

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]