Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Isaiah 38 malirv

Side by side with the Father's Heart Bible™

1അക്കാലത്ത് ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാവുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 2അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: 3“അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടി തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കണമേ” എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു. 4എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 5“നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും. 6ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.’ ” 7യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും. 8“ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ” ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു. 9യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയത്:

10“എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു;എന്റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു.

11“ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല;ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു.

12“എന്റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു;നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു;അവൻ എന്നെ തറിയിൽനിന്ന് അറുത്തുകളയുന്നു;ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.

13പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു;അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു;ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.

14മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലച്ചു;ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു;യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇട നില്ക്കണമേ.

15ഞാൻ എന്തു പറയേണ്ടു? അവൻ എന്നോട് അരുളിച്ചെയ്തു, അവൻ തന്നെ നിവർത്തിച്ചും ഇരിക്കുന്നു;എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമെല്ലാം സാവധാനത്തോടെ നടക്കും.

16കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു;എന്റെ ജീവനും കേവലം അതിലത്രേ;അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.

17സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു;എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട്എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.

18പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല;കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.

19ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും;അപ്പൻ മക്കളോടു നിന്റെ വിശ്വസ്തതയെ അറിയിക്കും.

20യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു;അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽതന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.”

21എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു. 22“ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]