Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Isaiah 16 malirv

Side by side with the Father's Heart Bible™

1നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയയ്ക്കുവിൻ. 2മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും. 3“ആലോചന പറഞ്ഞുതരുക; വിധിന്യായം നടത്തുക; നിന്റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്. 4മോവാബിന്റെ പുറത്താക്കപ്പെട്ടവർ നിന്നോടുകൂടി പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്ക് ഒരു മറവായിരിക്കുക; ” എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും. 5അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. 6ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. 7അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. 8ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേല്ത്തരമായ വള്ളി ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമി വരെ പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു. 9അതുകൊണ്ട് ഞാൻ യസേരിനോടുകൂടി ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്റെ വേനൽഫലങ്ങൾക്കും നിന്റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു. 10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. 11അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു. 12പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല. 13ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം. 14ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്റെ വർഷംപോലെയുള്ള മൂന്ന് വർഷത്തിനകം മോവാബിന്റെ മഹത്ത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും.”

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]