Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Exodus 27 malirv

Side by side with the Father's Heart Bible™

1അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കണം; യാഗപീഠം സമചതുരവും മൂന്ന് മുഴം ഉയരവും ഉള്ളതായിരിക്കണം. 2അതിന്റെ നാല് കോണിലും കൊമ്പുണ്ടാക്കണം; കൊമ്പ് അതിൽനിന്ന് തന്നേ ആയിരിക്കണം; അത് താമ്രംകൊണ്ട് പൊതിയണം. 3അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കണം. 4അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കണം; ജാലത്തിന്മേൽ നാല് കോണിലും നാല് താമ്രവളയം ഉണ്ടാക്കണം. 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കണം. 6യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയണം. 7തണ്ടുകൾ വളയങ്ങളിൽ ഇടണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ട് ഭാഗത്തും ഉണ്ടായിരിക്കണം. 8പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കണം.

9തിരുനിവാസത്തിന് പ്രാകാരവും ഉണ്ടാക്കണം; തെക്കെ ഭാഗത്തേക്ക് പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം. 10അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം. 11അങ്ങനെ തന്നെ വടക്കെ ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം. 12പടിഞ്ഞാറെ ഭാഗത്തേക്ക് പ്രാകാരത്തിന്റെ വീതിക്ക് അമ്പത് മുഴം നീളത്തിൽ മറശ്ശീലയും അതിന് പത്ത് തൂണും അവയ്ക്ക് പത്ത് ചുവടും വേണം. 13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പത് മുഴം ആയിരിക്കണം. 14ഒരു ഭാഗത്തേക്ക് പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം. 15മറ്റെ ഭാഗത്തേക്കും പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം. 16എന്നാൽ പ്രാകാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണിയായി ഇരുപത് മുഴം നീളമുള്ള ഒരു മറയും അതിന് നാല് തൂണും അവയ്ക്ക് നാല് ചുവടും വേണം. 17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ട് മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കണം. 18പ്രാകാരത്തിന് നാനൂറ് മുഴം നീളവും എല്ലാടവും അമ്പത് മുഴം വീതിയും അഞ്ച് മുഴം ഉയരവും ഉണ്ടായിരിക്കണം; അത് പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കണം. 19തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ട് ആയിരിക്കണം.

20വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ വിളക്കിന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോട് കല്പിക്കുക. 21സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അത് വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വയ്ക്കണം; ഇത് യിസ്രായേൽമക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]