Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Numbers 24 MAL

Side by side with the Father's Heart Bible™

1യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു; 3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.

4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:

5യാക്കോബേ, നിന്റെ കൂടാരങ്ങൾ,യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!

6താഴ്‌വരപോലെ അവ പരന്നിരിക്കുന്നു;നദീതീരത്തെ ഉദ്യാനങ്ങൾ പോലെ,യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ,ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.

7അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു;അവന്റെ വിത്തിന്നു വെള്ളം ധാരാളം;അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ;അവന്റെ രാജത്വം ഉന്നതം തന്നേ.

8ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു;കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു;ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;അസ്ത്രം എയ്തു അവരെ തുളെക്കുന്നു.

9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും?നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.

10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു. 11ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു. 12അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല; 13യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളു. എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ? 14ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം. 15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;

16ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:

17ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും;ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും.യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും;യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും.അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയുംതുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

18എദോം ഒരു അധീനദേശമാകും;ശത്രുവായ സെയീരും അധീനദേശമാകും;യിസ്രായേലോ വീര്യം പ്രവർത്തിക്കും.

19യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും;ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.

20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു:അമാലേക്ക് ജാതികളിൽ മുമ്പൻ;അവന്റെ അവസാനമോ നാശം അത്രേ.

21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു:നിന്റെ നിവാസം ഉറപ്പുള്ളതു:നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.

22എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും;അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?

23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു:ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?

24കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും;അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.അവന്നും നിർമ്മൂലനാശം ഭവിക്കും.

25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]