Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 38 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം.

പീഡിതന്‍റെ പ്രാർത്ഥന

1യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.

2അങ്ങേയുടെ അസ്ത്രങ്ങൾ എന്‍റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരിക്കുന്നു.

3അങ്ങേയുടെ നീരസം മൂലം എന്‍റെ ദേഹത്തിന് സൗഖ്യമില്ല;എന്‍റെ പാപംനിമിത്തം എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.

4എന്‍റെ അകൃത്യങ്ങൾ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.

5എന്‍റെ ഭോഷത്തം ഹേതുവായിഎന്‍റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.

6ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.

7എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;എന്‍റെ ദേഹത്തിന് സൗഖ്യമില്ല.

8ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;എന്‍റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.

9കർത്താവേ, എന്‍റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു.എന്‍റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല.

10എന്‍റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;എന്‍റെ കണ്ണിന്‍റെ വെളിച്ചവും ഇല്ലാതെയായി.

11എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു;എന്‍റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.

12എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു;അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.

13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

14ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയുംവായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.

15യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;എന്‍റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും.

16“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്നു ഞാൻ പറഞ്ഞു;എന്‍റെ കാൽ വഴുതുമ്പോൾ അവർ എന്‍റെ നേരെ വമ്പ് പറയുമല്ലോ.

17ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

18ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു;എന്‍റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.

19എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.

20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായിനന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.

21യഹോവേ, എന്നെ കൈ വിടരുതേ;എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.

22എന്‍റെ രക്ഷയാകുന്ന കർത്താവേ,എന്‍റെ സഹായത്തിനായി വേഗം വരേണമേ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]