Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Job 39 IRVMAL

Side by side with the Father's Heart Bible™

1“പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?

2അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ?അവയുടെ പ്രസവകാലം നിനക്കു അറിയാമോ?

3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.

4അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു;അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.

5“കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍?വനഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍?

6ഞാൻ മരുഭൂമിയെ അതിനു വീടുംഉവർന്നിലത്തെ അതിനു പാർപ്പിടവുമാക്കി.

7അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;തെളിക്കുന്നവന്‍റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.

8മലനിരകൾ അതിന്‍റെ മേച്ചല്പുറമാകുന്നു;പച്ചയായതൊക്കെയും അതു അന്വേഷിച്ചു നടക്കുന്നു.

9“കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ?അതു നിന്‍റെ പുല്‍തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?

10കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ?അത് നിന്‍റെ പിന്നാലെ നിലം നിരത്തുമോ?

11അതിന്‍റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ?നിന്‍റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ?

12അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നുംനിന്‍റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

13“ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു;എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?

14അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു;അവയെ പൊടിയിൽ വച്ചു വിരിയിക്കുന്നു.

15കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോകാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.

16അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;തന്‍റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല.

17ദൈവം അതിന് ജ്ഞാനമില്ലാതാക്കിവിവേകം അതിനു നല്കിയിട്ടുമില്ല.

18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾകുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.

19“കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്?അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?

20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം.

21അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു.അത് ആയുധപാണികളെ എതിർക്കുന്നു.

22അത് കൂസാതെ ഭയത്തെ പുച്ഛിക്കുന്നു;വാളിനോട് പിൻവാങ്ങുന്നതുമില്ല.

23അതിന് എതിരെ ആവനാഴിയുംമിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

24അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.

25കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്നു ചിനയ്ക്കുന്നു;പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.

26“നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയുംചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?

27നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയുംഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?

28അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു;പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.

29അവിടെനിന്ന് അത് ഇര തിരയുന്നു;അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു.

30അതിന്‍റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു.പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]