Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Numbers 6 malirv

Side by side with the Father's Heart Bible™

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“നീ യിസ്രായേൽമക്കളോട് പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനോ സ്ത്രീയോ യഹോവയ്ക്ക് സ്വയം സമർപ്പിക്കേണ്ടതിന് നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം അനുഷ്ഠിക്കുമ്പോൾ 3വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കണം: വീഞ്ഞിന്റെയോ മദ്യത്തിന്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്. 4തന്റെ നാസീർവ്രതകാലത്ത് ആദ്യവസാനം കുരുതൊട്ട് തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്. 5നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കണം: തലമുടി വളർത്തണം. 6അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്; 7അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു; 8നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു. 9അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം. 10എട്ടാം ദിവസം അവൻ രണ്ട് കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം. 11പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം. 12അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവയ്ക്ക് വേർതിരിച്ച് ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരണം. അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ട് മുമ്പിലത്തെ കാലം കണക്കിലെടുക്കരുത്.

13വ്രതസ്ഥന്റെ പ്രമാണം ഇതാണ്: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം. 14അവൻ യഹോവയ്ക്ക് വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, 15ഒരു കൊട്ടയിൽ, എണ്ണചേർത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം. 16പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കണം. 17അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം. 18പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്ത് തന്റെ വ്രതമുള്ള തലമുടി എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിൽ ഇടണം; 19വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കൈയിൽ വയ്ക്കണം. 20പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം. 21നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.

22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 23“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത് :

24യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ;

25യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ;

26യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്ക് സമാധാനം നല്കുമാറാകട്ടെ.

27ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വയ്ക്കണം; ഞാൻ അവരെ അനുഗ്രഹിക്കും”.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]