Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Jeremiah 21 malirv

Side by side with the Father's Heart Bible™

1സിദെക്കീയാരാജാവ് മല്ക്കീയാവിന്റെ മകൻ പശ്ഹൂരിനെയും മയസേയാവിന്റെ മകൻ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: 2“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ട് നീ ഞങ്ങൾക്കു വേണ്ടി യഹോവയോട് അപേക്ഷിക്കണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്, യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും തക്കവിധം ഒരുപക്ഷേ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കും” എന്ന് പറയിച്ചപ്പോൾ യിരെമ്യാവിന് യഹോവയിൽനിന്നുണ്ടായ അരുളപ്പാട്. 3യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയണം: 4യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മതിലുകൾക്കു പുറത്തു നിന്ന് നിങ്ങളെ ഉപരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്യുവാൻ നിങ്ങളുടെ കൈയിലുള്ള ആയുധങ്ങളെ ഞാൻ ഉപയോഗശൂന്യമാക്കി, ഈ നഗരത്തിന്റെ മദ്ധ്യത്തിൽ കൂട്ടും. 5ഞാൻ തന്നെയും, നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടി നിങ്ങളോട് യുദ്ധംചെയ്യും. 6ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും. 7അതിന്റെശേഷം യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽ നിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 8“നീ ഈ ജനത്തോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 9ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ഇരിക്കും. 10ഞാൻ എന്റെ മുഖം ഈ നഗരത്തിനുനേരെ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. “അതിനെ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും”. 11“യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: “യഹോവയുടെ വചനം കേൾക്കുവിൻ! 12“ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പുറപ്പെട്ട് ആർക്കും കെടുത്താനാകാത്തവിധം, കത്താതെയിരിക്കേണ്ടതിന് നിങ്ങൾ രാവിലെതോറും ന്യായം പാലിക്കുകയും കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യുവിൻ. 13താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്, ‘ഞങ്ങളുടെ നേരെ ആരു വരും? ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആരു കടക്കും?’ എന്നു പറയുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. 14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]