Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Exodus 24 malirv

Side by side with the Father's Heart Bible™

1യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ. 2മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു. 3അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു. 4മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു. 5പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. 6മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. 7അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. 8അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു. 9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു. 10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. 11യിസ്രായേൽമക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

12പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു. 13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി. 14അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു. 15അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. 16യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്ന് മോശെയെ വിളിച്ചു. 17യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്ക് തോന്നി. 18മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]