Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Ezekiel 35 MAL

Side by side with the Father's Heart Bible™

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ സെയീർപർവ്വതത്തിന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു: 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സെയീർപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. 4ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും. 5നീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ. 6അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 7അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും. 8ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും. 9ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 10യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു 11എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 12യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും. 13നിങ്ങൾ വായ്കൊണ്ടു എന്റെനേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു. 14യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും. 15യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]