Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 42 MAL-IRV

Side by side with the Father's Heart Bible™

യഹോവയുടെ ദാസൻ

1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ;എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ;ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു;അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും.

2അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല,തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല.

3ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല;പുകയുന്ന തിരി കെടുത്തികളയുകയില്ല;അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.

4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല;അധൈര്യപ്പെടുകയുമില്ല;അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.”

5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയുംഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയുംഅതിലെ ജനത്തിനു ശ്വാസത്തെയുംഅതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്തയഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:

6“കുരുട്ടുകണ്ണുകളെ തുറക്കുവാനുംതടവുകാരെ തടവറയിൽനിന്നുംഅന്ധകാരത്തിൽ ഇരിക്കുന്നവരെകാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും

7യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു;ഞാൻ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും;നിന്നെ ജനത്തിന്‍റെ നിയമവുംജനതകളുടെ പ്രകാശവും ആക്കും.

8ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം;ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനുംഎന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.

9പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു;ഞാൻ പുതിയത് അറിയിക്കുന്നു;അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.”

യഹോവയ്ക്ക് ഒരു സ്തോത്രഗീതം

10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളുംഅവയിലെ നിവാസികളും ആയുള്ളവരേ,യഹോവയ്ക്ക് ഒരു പുതിയ പാട്ടുംഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ.

11മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ;കേദാർ പാർക്കുന്ന ഗ്രാമങ്ങളും;ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയുംമലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.

12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത്അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.

13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും;ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും;അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും;തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.

ദൈവത്തിന്‍റെ വാഗ്ദാനം

14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു;ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു;ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു.

15ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കിഅവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും;ഞാൻ നദികളെ ദ്വീപുകളാക്കും;പൊയ്കകളെ വറ്റിച്ചുകളയും.

16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും;അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും;ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവുംദുർഘടങ്ങളെ സമഭൂമിയും ആക്കും;ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും.

17വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്:‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർപിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.

യിസ്രായേലിന്‍റെ അന്ധത

18“ചെകിടന്മാരേ, കേൾക്കുവിൻ;കുരുടന്മാരേ, നോക്കിക്കാണുവിൻ!

19എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍?ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍?എന്‍റെ പ്രിയനെപ്പോലെ കുരുടനുംയഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍?

20പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല;ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.”

21യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കിമഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു.

22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു;അവരെല്ലാവരും കുഴികളിൽ കുടുങ്ങിയുംകാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു;അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല;അവർ കൊള്ളയായിപ്പോയി,“മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല.

23നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും?ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും?

24യാക്കോബിനെ കൊള്ളയായുംയിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്‍?യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയിഅവന്‍റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു;അവന്‍റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല.

25അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവുംയുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു;അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല;അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]