Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 33 IRVMAL

Side by side with the Father's Heart Bible™

ദൈവത്തിന്‍റെ മഹത്വവും നന്മയും

1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?.

2കിന്നരം കൊണ്ടു യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ.

3കർത്താവിന് പുതിയ പാട്ടുപാടുവിൻ;ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.

4യഹോവയുടെ വചനം നേരുള്ളത്;കർത്താവിന്‍റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.

5കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

6യഹോവയുടെ വചനത്താൽ ആകാശവുംഅവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

7കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.

8സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ.

9കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.

10യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു;വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.

11യഹോവയുടെ ആലോചന ശാശ്വതമായുംഅവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.

12യഹോവ ദൈവമായിരിക്കുന്ന ജനങ്ങളുംഅവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.

13യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.

14അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന്സർവ്വഭൂവാസികളെയും നോക്കുന്നു.

15കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു.

16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല.

17ജയത്തിന് കുതിര വ്യർത്ഥമാകുന്നു;തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല.

18യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലുംതന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

19അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനുംക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.

20നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു.

21കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽനമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും.

22യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെഅങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]